2014, നവംബർ 7, വെള്ളിയാഴ്‌ച

കുഞ്ചിയമ്മയുടെ സ്വര്‍ഗാരോഹണം, ഒരു ബാല പാഠം..!




കുഞ്ചിയമ്മയുടെ  മരണം കേട്ടവര്‍ക്കൊക്കെ ദു:ഖകരം തന്നെ ആയിരുന്നൂ. ജീവിതകാലം മുഴുവനും നല്ലത് മാത്രം ചിന്തിച്ച് നല്ലത് മാത്രം പ്രവര്‍ത്തിച്ച് , നന്മകള്‍ മാത്രം വിതറി ജീവിച്ച കുഞ്ചിയമ്മയ്ക്ക് മൂന്നു തലമുറയെ സ്നേഹിക്കാനും സേവിക്കാനും അവരുടെ സ്നേഹം നുകരാനും സാധിച്ചു.  പുണ്യം ചെയ്ത ജന്മം! കേട്ടവര്‍ കേട്ടവര്‍ മന്ത്രിച്ചു.  


സാധാരണ ഒരു ദുഖാചരണം ആയിരുന്നില്ല ആ ഗ്രാമത്തില്‍. അറിഞ്ഞവര്‍ ഒക്കെ തൊഴിലും തിരക്കും മാറ്റിവെച്ച് അങ്ങോട്ടേക്കു പാഞ്ഞു. കുഞ്ചിയമ്മയുടെ അഞ്ചു മക്കളും അവരുടെ പുത്രപൌത്രാദികളുമൊക്കെ  സ്ഥലത്തെത്തി. വന്നവര്‍ വന്നവര്‍ കുഞ്ചിയമ്മയെ അവസാനമായി ഒരു നോക്ക് കണ്‍പാര്‍ത്ത് ദുഃഖം സഹിക്കാനാവാതെ വിതുമ്പി.  വിതുമ്പുന്നവരെ കണ്ടു നിന്നവര്‍ക്കും ദുഃഖം സഹിക്കുവാനായില്ല. കുഞ്ചിയമ്മയുടെ ഉറ്റ കൂട്ടുകാരി തെയ്യാക്കുട്ടിയുടെ നിലവിളി ആയിരുന്നൂ ഹൃദയഭേദകം.

പണ്ട് പാടത്ത് ഞാറുനടീലിനൊക്കെ  ഒപ്പം ഞാറ്റ്‌  പാട്ട് പാടിയതും ചെണ്ടന്‍ കപ്പയും കാന്താരിമുളകുമായി പാടത്ത് വന്ന്‍ അവര്‍ക്കൊപ്പം ഇരുന്നു കാപ്പി കുടിച്ചതും  കുടിപ്പിച്ചതും ഒക്കെ പറഞ്ഞുള്ള  തോറ്റക്കവും നിലവിളിയും  തന്നെ ആയിരുന്നു.  ആരൊക്കെ സമാധാനിപ്പിച്ചിട്ടും അവര്‍ക്ക് ദുഃഖം അടക്കുവാനായില്ല.

ഏതു പഞ്ഞ കര്‍ക്കിടകത്തിലും പട്ടിണി മാറ്റാന്‍ ഓടിച്ചെന്നാല്‍ ഒരു കിണ്ണം കഞ്ഞി മാത്രമല്ല ഒരു തോര്‍ത്തില്‍ കെട്ടി നാല് ദിവസത്തേക്കെങ്കിലുമുള്ള അരിയും വാട്ടുകപ്പയും ഒക്കെ തന്നു വിടുമായിരുന്നൂ ഈ കൊച്ചുതമ്പുരാട്ടീ എന്ന് പറഞ്ഞു വാവിട്ടു നിലവിളിക്കുന്നത് കേട്ടു കണ്ടു നിന്നവരുടെയും കണ്ണും കണ്ഠവും ഇടറുന്നുണ്ടായിരുന്നു. താത്ക്കാലത്തേയ്ക്ക് അവരെ തടയണ്ട എന്നായി ചില കാരണവന്മാര്‍. പാവത്തിന്‍റെ ദുഃഖം സാധാരണമല്ല, ഹൃദയത്ത്തിന്റെതാണ് പറഞ്ഞു തീരട്ടെ എന്ന കരയോഗം  പ്രസിഡന്റിന്റെ അഭിപ്രായത്തോട് ആര്‍ക്കും വിയോജിപ്പുണ്ടായില്ല.  

ദാരിദ്ര്യം കൊണ്ട് പൊതിച്ചോറില്ലാതെ സ്കൂളില്‍ എത്തിയിരുന്ന ദിവസങ്ങളില്‍ തന്റെ അഭയം കുഞ്ചിയമ്മയായിരുന്നൂ  എന്ന് മാറിനിന്നു സ്വയം പിറുപിറുപിറുക്കുമ്പോള്‍ കണാരമേനോന്‍റെ കണ്ണില്‍ നിന്ന് ഉപ്പുരസം നിറഞ കണ്ണുനീര്‍ പ്രവാഹം കുപ്പായത്തെയാകെ നനയ്ക്കുന്നുണ്ടായിരുന്നൂ. നാട്ടിലെ പാവപ്പെട്ടവര്‍ക്കും ആശരണര്‍ക്കും ആദ്യത്തെയും അവസാനത്തെയും അഭയമായിരുന്ന കുഞ്ചിയമ്മയെ ക്കുറിച്ചും അവരുടെ നല്ല മനസ്സിനെക്കുറിച്ചും ദയാവായ്പ്പിനെക്കുറിച്ചും മാത്രമേ എല്ലാവര്‍ക്കും പറയുവാനുണ്ടായിരുന്നുള്ളൂ. മണിക്കൂറുകള്‍ക്കകം ആ വീടും പരിസരവുമാകെ ദുഖാര്‍ത്ഥരായ ജനസന്ച്ചയത്തെക്കൊണ്ട് നിറഞ്ഞു.  നാട്ടിലെ പൌരപ്രമുഖര്‍ക്കൊന്നും കിട്ടാത്തത്ര ആദരം, കടിച്ചു പിടിച്ചു ദുഃഖം മറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പോലും ആ ജനസഞ്ചയത്തെക്കണ്ട് ആശ്ചര്യം കൂറാതിരിക്കുവാന്‍ കഴിഞ്ഞില്ല.

കുഞ്ചിയമ്മയുടെ നാല് പെണ്മക്കളും കുടുംബസമേതം എത്തിയിരിക്കുന്നു. ആകെയുള്ള ആണ്‍തരിയുടെ ഒപ്പം തറവാട്ടില്‍ താമസിച്ചിരുന്ന കുഞ്ചിയമ്മയുടെ സൌഭാഗ്യം തന്നെയായിരുന്നു മരുമോളും. ആ അമ്മായിയമ്മയും മോളും തമ്മിലുള്ള പൊരുത്തത്തെ കുറിച്ച് അതിശയപ്പെടാത്തവരില്ല, പറയാത്തവരുമില്ല. ഈ കാലത്തും ഇങ്ങിനെയുണ്ടോ പെണ്‍കുട്ടികള്‍ എന്ന് ആശ്ചര്യം പ്രകടിപ്പിക്കാത്തവര്‍ ചുരുക്കം.. കുഞ്ചിയമ്മയുടെ നിഴലായി എപ്പോഴും ഉണ്ടാകും. വീട്ടിലെ കാര്യങ്ങള്‍ക്കും കന്നുകാലികളുടെ കാര്യത്തിലും കൃഷികാര്യങ്ങള്‍ക്കും എല്ലാം മരുമോള്‍ മുന്നില്‍ തന്നെ. പക്ഷെ നിഴല്‍പോലെ അമ്മായിയമ്മയും ഉണ്ടാകും കുഞ്ചിയമ്മയുടെ ദാനധര്‍മ്മശീലം ഒരു പടി കൂടി കൂട്ടിക്കൊണ്ട് മരുമോളും ജീവിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് ആ വീട് ഒരു പുണ്യ സ്ഥലം പോലെ മാറുകയായിരുന്നു. കൊച്ചുമക്കള്‍  വളര്‍ന്നപ്പോഴും അതെ പോലെ തന്നെ.

കൊച്ചുമകള്‍ സരസ്വതിയെ ദില്ലിയില്‍ അയച്ചു നഴ്സിംഗ് നു പടിപ്പിച്ചപ്പോഴും അവരുടെ രണ്ടാളിന്റെയും മനസ്സില്‍ കുട്ടികളും സേവനരംഗത്ത്ഉണ്ടാവണം  എന്ന അദമ്യമായ ആഗ്രഹം ഒന്നുമാത്രമായിരുന്നൂ കുഞ്ചിയമ്മ അവരെ പഠിപ്പിച്ചതും ഒരേ വാചകം കൊണ്ടായിരുന്നൂ, " നമ്മള്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയാകണം ജീവിക്കേണ്ടത്, അപ്പൊ ദൈവം നമുക്ക് വേണ്ടിയും ജീവിക്കും, അല്ലാതെ ശിഷിക്കാനും കൈക്കൂലി വാങ്ങാനുമല്ല മക്കളെ ദൈവം ജീവിക്കുന്നത് " എന്ന്. ഇതേ വരെ ഏതെങ്കിലുമൊരു  ഗുരുവോ സ്വാമികളോ മനുഷ്യ ദൈവങ്ങളോ പറയാത്ത ഒരു തത്വശാസ്ത്രം അനുസരിച്ചായിരുന്നു അവരുടെ ജീവിതം.

സരസ്വതി പഠനം കഴിഞ്ഞു മുറച്ചെറുക്കനെതന്നെ കല്യാണവും കഴിച്ച് ദൂരവാസത്തിലായിരുന്നെങ്കിലും കുഞ്ചിയമ്മയുടെ വാര്ധകയ്ത്തിലെ അവശതകളറിഞ്ഞപ്പോള്‍ അവരുടെ ശുശ്രൂഷക്കായി ഓടിയെത്തി . അതുകൊണ്ട് തന്നെ   വലിയ പ്രശ്നങ്ങളില്ലാതെ സമാധാനത്തോടെ ആണു കുഞ്ചിയമ്മ  യാത്രയായതെന്നു അറിഞ്ഞപ്പോള്‍ കൂടിനിന്നവര്‍ക്കൊക്കെ അത്രയും ആശ്വാസമായി. മറ്റൊരാള്‍ പറയുന്നുണ്ടായിരുന്നൂ, യ്യോ അവര്‍ ചെയ്ത പുണ്യം കൊണ്ട് ആ ജന്മം സഫലമായി എന്ന് മാത്രമല്ല, മനസമാധാനത്തോടെ ആയുസ്സെത്തി മരിക്കാനും സാധിച്ചല്ലോ , ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു സ്വര്‍ഗാരോഹണം തന്നെ.  

അടുത്ത ഗ്രാമത്തിലെ സമ്പന്നയായ പാര്‍വതിയമ്മയുടെ മരണം അയാള്‍ വേദനയോടെ ഓര്‍ത്തു, പങ്കിട്ടു മറ്റുള്ളവര്‍ക്കായി.  വളരെ വലിയ നിലയില്‍ ജീവിച്ചിരുന്ന പാര്‍വതിയമ്മ എന്തോ ചെറിയ അസുഖം  ബാധിച്ചു കിടപ്പിലായതാണ്. പക്ഷെ അതോടെ അവര്‍ ആഹാരം കഴിക്കില്ലെന്ന്  നിര്‍ബന്ധം പിടിക്കുവാന്‍ തുടങ്ങി. എത്ര നിര്‍ബന്ധിച്ചിട്ടും മരുന്നോ പച്ചവെള്ളമോ പോലും കഴിക്കാന്‍ കൂട്ടാക്കിയില്ലത്രേ. നിരാഹാരം ചെയ്ത് മരണത്തെ വരിക്കാനുള്ള തീരുമാനം പോലെ. എന്നാല്‍ അവരുടെ പരാതികളോ ദുഖങ്ങലോ എന്തെങ്കിലും ആരോടെങ്കിലും പറഞ്ഞതുമില്ല. ഒടുവില്‍   41മത്തെ ദിവസം മരിച്ചു. വല്യ വീട്ടിലെ സംഭവങ്ങള്‍ ആയതു കൊണ്ട് പുറത്താരും അറിഞ്ഞില്ലത്രേ.  വാര്‍ദ്ധക്യത്തിലെ വിഷമതകള്‍ ചിലപ്പോള്‍ മനുഷ്യരെ  അങ്ങിനെയും ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിക്കും, കണാരേട്ടനാണ് പ്രതികരിച്ചത്.
ജീവിക്കുന്ന കാലത്ത് നന്മ ചെയ്താല്‍ അതിന്റെ പുണ്യവും അവര്‍ക്ക് തന്നെ. ഇതൊക്കെ ഓരോ പാഠങ്ങളാണ്, കൂട്ടത്തില്‍ മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

ശവദാഹം കഴിഞ്ഞു വിങ്ങിയ മനസുമായാണ് കണാരേട്ടന്‍ മടങ്ങിയത്. രാത്രിയില്‍ കിടന്നിട്ടും ഉറക്കം വന്നില്ല. കുഞ്ചിയമ്മയുടെ നന്മകളുടെ ഒരു ദീര്‍ഘമായ പട്ടിക തന്നെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.  തിരിഞ്ഞും മറിഞ്ഞും കിടന്നു ഉരുളുന്ന  ഭര്‍ത്താവിനോട് ഭാര്യ മന്ത്രിച്ചു, പിന്നേയ്, ആ കുഞ്ചിയമ്മ എങ്ങിനെയാ മരിച്ചതെന്ന് അറിയാമോ..?  അയാള്‍ ഒന്ന് ഞെട്ടി. 

ങേ? എന്തെ അങ്ങിനെ പറയാന്‍ ?

അതേയ് , അവര്‍ക്ക് വയറിളക്കമായിരുന്നത്രേ, അതിസാരം. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആലോചിച്ചപ്പോള്‍ സരസ്വതി പറഞ്ഞത്രേ, അത് വേണ്ട, ഇവിടെ നമുക്ക് വേണ്ടതൊക്കെ ചെയ്യാം എന്ന്.

ന്നിട്ട്? അയാള്‍ക്ക് ബാക്കികൂടി കേള്‍ക്കുവാനുള്ള ജിജ്ഞാസ വര്‍ദ്ധിച്ചു.

അതേയ്, ആശുപത്രിയിലോക്കെ പോയാല്‍ മരുന്ന് കൊടുത്ത് ഒരുവിധം ഭേദമാക്കി വീട്ടില്‍ കൊണ്ടുവന്നാല്‍ പിന്നേം ബുദ്ധിമുട്ടല്ലേ? ആര് നോക്കും? നാല് ദിവസം നിര്‍ത്താതെ  വയറ്റില്‍ നിന്ന് പൊയ്ക്കൊണ്ടിരുന്നുവത്രേ. അവസാനം ഇന്നലെ വെളുപ്പിനെ ആണു മരിച്ചത്. അധികം ആര്‍ക്കും അറിയില്ല, ആരോടും പറയണ്ടാ ട്ടോ, എന്നോട് സരസ്വതീടെ അനിയത്തി തന്നെയാണ് പറഞ്ഞത്.  

അയാള്‍ എഴുന്നേറ്റ്. കിണ്ടിയില്‍ നിന്ന് ഒരു കവിള്‍ വെള്ളം കുടിച്ചു. തല കുമ്പിട്ടിരുന്നു. പിന്നെ മെല്ലെ പറഞ്ഞൂ,

"ന്നാലും അതങ്ങോട്ട് വിശ്വസിക്കാന്‍ തോന്നുന്നില്ല."

യ്യോ നിങ്ങള്‍ വിശ്വസിക്കണ്ട, പോട്ടെ കിടന്നുറങ്ങിക്കോളൂ. , പറയേണ്ടതില്ലായിരുന്നൂ എന്നവര്‍ക്ക് തോന്നി.

Kathakal 

അപ്പോള്‍ അയ്യാള്‍ മെല്ലെ ഭാര്യയോടു പറഞ്ഞു., 

നമുക്ക് ഭാരങ്ങള്‍ ഒക്കെ തീര്‍ത്താല്‍ എവിടെയെങ്കിലും ഒരു അഭയകേന്ദ്രം കണ്ടുപിടിക്കണം, വാര്‍ദ്ധക്യത്തില്‍ നമ്മുടെ മക്കളെ കൊലപാതകികളാക്കാതിരിക്കാന്‍.!

**********

​കിളികളുടെ ചങ്ങാത്തം.‘


കിളികളുടെ ചങ്ങാത്തം.‘
-------------------------------------------

ഔട്ട്‌ ഹൌസ്’ എന്നാല്‍ ഒറ്റ ഹാള്‍ ആണു. പക്ഷെ ചുറ്റും വരാന്തയും പോയകാല തനിമകളെ ഓര്‍മി പ്പിക്കും വിധം തൂണുകളും വിശാലമായ നടുമുറ്റവും ഒക്കെ, മനസ്സിന്റെ ആഗ്രഹം പോലെ തന്നെ വളരെ പെട്ടെന്ന് പണിതു തരപ്പെടുത്തി. 

​ ദീര്‍ഘകാല പ്രവാസജീവിതത്തിന് വിരാമമിട്ടു നാട്ടിലേയ്ക്ക് ചേക്കേറിയതാണ്. വരുമ്പോള്‍ സൌകര്യപൂര്‍വ്വം താമസിക്കുവാന്‍ വേണ്ടി ഒരു വീട് വാങ്ങിയിരുന്നെങ്കിലും എഞ്ചിനീയര്‍മാരും നാട്ടുകാരും ഒക്കെ ചേര്‍ന്ന്​​ ഉപദേശിച്ച് അത് കുളമാക്കി.. വീട് പൊളിച്ചു പുതിയ അടിത്തറ പാകിഇട്ടിരിക്കുന്നു.​

. ഇപ്പോള്‍ ഈ ഔട്ട്‌ ഹൌസ് തന്നെ ശരണം.

ഒരു കണക്കിന് അതും നന്നായി. സൌകര്യങ്ങളുടെയും ആര്‍ഭാടങ്ങളുടെയും ധാരാളിത്തത്തില്‍ നിന്ന് പരിമിതികളുടെയും ജീവിത യാഥാര്‍ത്ഥ്യങ്ങളുടെയും നവശോഭയിലെയ്ക്ക് കുട്ടികളുടെ ജീവിതത്തിന്റെ ഒരു പറിച്ചു നടീല്‍ കൂടിയായിരുന്നു അത്. ഒറ്റ ഹാളില്‍ നെടുകെ പര്‍ദ്ദയിട്ടു തിരിച്ച് രണ്ടു മുറിപോലെയാക്കി ഞങ്ങളുടെ കൊച്ചുകുടുംബം താമസമായി..

പ്രഭാതപത്രവായനക്കായി ഒരു കസേരയുമിട്ട്‌ ഇരുപ്പുറപ്പിച്ച എന്റെ കാതുകളില്‍ കിളികളുടെ ആരവം പതിച്ചത് യാദൃശ്ചികമായിട്ട് തന്നെ. പത്രത്തില്‍ നിന്നും ശ്രദ്ധ അങ്ങോട്ടേയ്ക്ക് തിരിഞ്ഞു. ഉയരം കൂടിയ ഒരു ‘കപ്പളം’ മധുവും മധുരവും നിറച്ച പൂര്‍ണഉകുംഭങ്ങളേന്തിയ അമ്മ മനസ്സ് പോലെ നിറയെ പഴുത്തു പാകമായ ‘കപ്പളങ്ങ’കളുമേന്തി [പപ്പായ, ഓമയ്ക്ക എന്നൊക്കെ പേരുകള്‍] ഉന്മാദചിത്തയെ പോലെ നില്ക്കു ന്നു. നോക്കുമ്പോള്‍ രണ്ടു പച്ചതത്തകള്‍ കപ്പളത്തില്‍ ഇരുന്നു കപ്പളങ്ങ കൊത്തിപ്പറിച്ചു തിന്നുന്നു. ആ കാഴ്ച മനോഹരമായിരുന്നു. രണ്ടു തത്തകള്‍, പക്ഷെ ഒരു തത്ത തിന്നു തീര്‍ന്നതിനു ശേഷം അടുത്ത തത്ത തീറ്റ ആരംഭിക്കുന്നു,

സാധാരണ നാട്ടില്‍ കാണാത്ത തത്തകള്‍ എങ്ങിനെ അതിരാവിലെ ഇവിടെ എത്തീ എന്ന് ചിന്തിക്കുമ്പോഴേക്കും കാണാറായി, രണ്ടു ‘ഓലേഞ്ഞാലികള്‍’ അടുത്ത തെങ്ങിന്റെ ഓലയില്‍ വന്നിരുന്നു മുറുമുറുക്കുന്നു. അടുത്ത മരത്തില്‍ രണ്ടു ‘കൌളം കാളികള്‍’. ഇടയ്ക്കിടയ്ക്ക് അക്ഷമകൊണ്ടാണോ എന്നറിയില്ല, മരത്തില്‍ നിന്ന് താഴെയിറങ്ങി മുറ്റത്തുകൂടി ഉലാത്തുന്നു. വീണ്ടും തിരികെ പറന്നു മരക്കൊമ്പില്‍ കാത്തിരിപ്പ് തുടരുന്നൂ. തത്തകള്‍ വയര്‍ നിറച്ചു പറന്നു പോയപ്പോള്‍ ‘ഓലേഞ്ഞാലികള്‍’ വന്നിരുന്നു പ്രഭാത ഭക്ഷണം ആസ്വദിക്കാന്‍ തുടങ്ങി. പിന്നെ കൌളം കാളികളും

​,  അണ്ണാറക്കണ്ണനും  ​ ഒടുവില്‍ കാക്കയും.​ മറ്റും.  ഞങ്ങളുടെ അഭാവത്തില്‍ അച്ചനും അമ്മയും മാത്രം താമസിച്ചിരുന്നത് കൊണ്ട് കാലങ്ങളായി കിളികളുടെ ഒരു ആവാസകേന്ദ്രമായി ആ തൊടി മാറിയിരുന്നു. അവര്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണവും സുലഭം.​
ഇതൊരു പതിവ് കാഴ്ചയായി, സാധാരണ പകല്ക്കാ ഴ്ചകളില്‍ കാണാത്ത പക്ഷികളുടെ എണ്ണം കൂടി വന്നു. മരത്തിനു ഉയരം കൂടിയതുകൊണ്ട് കപ്പളങ്ങ പറിക്കുക എളുപ്പമായിരുന്നില്ല. എങ്കിലും സൌകര്യത്തിനു ആരെയെങ്കിലും കിട്ടിയാല്‍ അത് പറിപ്പിക്കാന്‍ ഉള്ള ശ്രമം ഉണ്ടാകാറുണ്ട്. എന്തായാലും അന്ന് ആദ്യമായി എന്റെ ‘ഡിക്രി’പുറത്തിറങ്ങി. ഇനി ഇതില്‍ നിന്നും ആരും കപ്പളങ്ങ പറിക്കാന്‍ പാടില്ല.. അത് പക്ഷികl

​ ള്‍ക്കാ​ യി പരിപാലിക്കുവാന്‍ തുടങ്ങി. പക്ഷികളോടൊപ്പം പ്രഭാതത്തിലെ ഒരു മണിക്കൂറെങ്കിലും ചിലവഴിക്കുവാന്‍​ ഞാനും ​ ശ്രമിച്ചു. മെല്ലെ, മെല്ലെ നടുമുറ്റത്തേയ്ക്ക് ഇറങ്ങിച്ചെല്ലാനും പക്ഷികളുമായി സ്നേഹം പങ്കിടുവാനും ശ്രമിച്ചു. ആദ്യമൊക്കെ അവര്‍ നിരാശപ്പെടുത്തിയെങ്കിലും ഒരു പരിധി വരെ വിജയം കണ്ടെത്തുവാന്‍ തുടങ്ങി. വര്‍ത്തമാനം പറയാന്‍ ശ്രമിച്ചു. എന്റെ ഒരു തരം ആത്മവിഭ്രാന്തി എന്ന് പറഞ്ഞാല്‍ മതിയല്ലോ. അക്കൂട്ടത്തില്‍ ‘ഉപ്പന്‍’ എന്ന് വിളിക്കുന്ന ചകോരപ്പക്ഷികള്‍ വരെ നിത്യസന്ദര്ശംകരായി മാറി. അവര്‍ പപ്പായ തിന്നുന്നത് കണ്ടിട്ടില്ലെങ്കിലും എല്ലാവര്ക്കു മൊപ്പം എത്തി തൊടിയിലും മുറ്റത്തും ഒക്കെ ഉലാത്തുമായിരുന്നു.
ആ സഹവാസത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയ ചില കാഴ്ചകള്‍, പക്ഷികള്‍ എപ്പോഴും ഇണകളായി മാത്രമേ വരാറുള്ളൂ. ഒരിക്കലും അവര്‍ തമ്മില്‍ ഭക്ഷണത്തിനു വേണ്ടി ലഹള കൂടുകയോ മത്സരിക്കുകയോ ചെയ്യാറില്ല, പകരം ക്ഷമയോടെ കാത്തിരിക്കുന്നു. 

അവര്‍ പാലിക്കുന്ന ‘Q’ സിസ്റ്റം ആരെയും വിസ്മയചകിതരാക്കുമായിരുന്നൂ.
അറിയാതെ കുമാരനാശാന്റെ ഒരു കവിതാ ശകലം 
​ഓര്‍ത്തു പോയി.

“ചേണിയന്ന ചിറകാര്‍ന്നൊരോമന –
പ്രാണി, നിന്‍ തടവകന്ന ലീലകള്‍
കാണുകില്‍ക്കൊതിവരും – പഠിക്കുവാന്‍ 
പോണു – കൊച്ചു കിളിയായതില്ല ഞാന്‍! “

ഒരു കാളരാത്രിയില്‍ ആഞ്ഞു വീശിയ 'മര്‍ക്കട'ടമാരുതന്‍ ഞങ്ങളുടെ ആനന്ദം തല്ലിക്കെടുത്തുന്നത് വരെ ഞങ്ങളുടെ പ്രഭാതങ്ങള്‍ ആനന്ദഭരിതമായിരുന്നു. നടുവേയോടിഞ്ഞു മുടിയിഴകള്‍ വാരി ചിതറി സ്തനഭരങ്ങളെല്ലാം ഭൂമിയിലര്പ്പി ച്ച് നടുക്കുന്ന അവളുടെ ഒരു പ്രേതശയനക്കാഴ്ച സമ്മാനിച്ച് പിറ്റേ പ്രഭാതം വരവേറ്റു. 

അന്നും പതിവ് പോലെ എന്റെ കൂട്ടുകാരെല്ലാം വന്നിരുന്നൂ. പക്ഷെ ചിതറി തെറിച്ച പഴങ്ങളിലേയ്ക്ക് അവര്‍ ഒരു താത്പര്യവും കാണിച്ചില്ല.​. ആ ദുഖകരമായ കാഴ്ചകള്ക്ക് ശേഷം എന്റെ മുഖത്തേയ്ക്കും അവര്‍ നോക്കി. എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നൂ.​  ഓരോ ഇണകളും വന്നു ഓരോ മരച്ചില്ലകളിലായി സ്ഥാനം ഉറപ്പിച്ചു. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പറന്നു പരസ്പരം അനുശോചിക്കുകയായിരുന്നുവോ..?  പതിവായി അവസാനക്കാരനായിരുന്ന  അണ്ണാറക്കണ്ണനും​​ എത്തി.​

​ നിര്‍ന്നിമേഷനായി നില്‍ക്കുവാനെ കഴിഞ്ഞുള്ളു. എങ്കിലും  ​മറുപടിയെന്നോണം അവിടെ നിന്ന്  അവരോടെല്ലാമായി ​ഞാന്‍ ​ഒരു ശപഥം ചെയ്തു.. എവിടെ താമസിച്ചാലും നിങ്ങള്ക്ക് വേണ്ടി ‘കപ്പളം’ മാത്രമല്ല വിവിധ ഫലമൂലാധികള്‍ നല്കു്ന്ന മരങ്ങ​ളും​​ ഞാന്‍ നട്ടുപിടിപ്പിക്കും, അവ, നിങ്ങള്ക്ക് വേണ്ടി പരിപാലിക്കും ഇത് സത്യം , സത്യം സത്യം..!!!

അക്ഷയ തൃതീയ..!!

അക്ഷയ തൃതീയ..!!


പ്രൊഫഷണല്‍ കോളേജുകള്‍ക്ക് വേണ്ടി എജെന്ടന്മാരുടെ  എസഎംഎസ്  വന്നു കൊണ്ടേയിരുന്നു. മോള്‍ക്ക് മെഡിസിന്‍ നു പോകണമെന്ന് കലശലായ ആഗ്രഹം. എന്ട്രന്‍സ് എഴുതാനും മടി. അല്ലെങ്കിലും പറഞ്ഞിട്ട് കാര്യമില്ലല്ലോ, ഇപ്പൊ എല്ലാം പാക്കറ്റുകളില്‍ 'മാളുകള്‍ വഴി സുലഭമെന്ന ശീലം ആണല്ലോ. 

അയാള്‍ എസഎംഎസ് എല്ലാം ഒന്ന് നോക്കി, തിരുവനന്തപുരത്തെ സ്വാശ്രയ കോളേജ്   75 ലക്ഷം. കോഴിക്കോട്ടു. ഒരു കോടി, തൃശൂരില്‍, 80 ലക്ഷം ഇങ്ങിന വിശദമായ ലിസ്റ്റ്. നിങ്ങളീ ചായ കുടിച്ചലില്ലേ ഇതേ വരെ ? 
അത് തണുത്തു പോയി ന്നു പറയാതെ അയാള്‍ പറഞ്ഞു. 

ഞാന്‍ വിഷമിച്ചു ട്ടാ., ഇപ്പൊ മൂന്നാമത്തെ പ്രാവശ്യമാ ഒരേ ചായ തന്നെ ചൂടാക്കുന്നത്. 
ഇതിപ്പോ നിങ്ങള് തല ചൂടാക്കുന്നതെന്തിനാന്നു പറയൂ...!! 

അല്ലാ, തൃശ്ശൂരില്‍ 50  ലക്ഷത്തിനു തരാന്ന് പറഞ്ഞു.
ങേ..?  ഇതെന്താ വട്ടു പിടിച്ചോ..? 

അവിടെ  മോള്‍ടെ അഡ്മിഷനു 80 ലക്ഷമാ ചോദിച്ചത്,  50 നു ശേരിയാക്കിതരാന്നു പറഞ്ഞിട്ടുണ്ട്  അതാലോചിക്കുവായിരുന്നു.
അതിനെവിടാ കാശ്..,? അവള്‍ കണ്ണ് ചുവപ്പിച്ചു. ഇനി രക്ഷയില്ല, ഓന്തിന്റെ മാതിര്യാ കണ്ണുകളുടെ നിറം മാറ്റം, അതുകണ്ടാല്‍ പിന്നെ നിശബ്ദമാകുന്നതാ ബുദ്ധി.
അയാള്‍ ആലോചനയില്‍ മുഴുകി. 

അവള്‍ വീണ്ടും ചായ ചൂടാക്കി കൊണ്ടുവന്നു. ടെ ഇനി  ഇത് പിന്നേം ചൂടാക്കാന്‍ എനിക്ക് നേരം ല്ല്യാ ട്ടോ. 

ന്നാലും മോളെ  ഡോക്ടര്‍ ആക്കാന്‍ ആര്‍ക്കാ അഗ്രഹമിഒല്ലാത്തതു. അയാള്‍ വിക്കി വിക്കി പറഞ്ഞു.
അയാള്‍ 'വിക്കു'ന്നത് കാണുമ്പോള്‍ അവള്‍ക്കറിയാം  ഹൃദയത്തില്‍ തട്ടിയ വിചാരങ്ങളാണെന്ന് . അപ്പൊ അവള്‍ പത്തി  താഴ്ത്തും . എന്തെങ്കിലും ഒരു സ്വാന്തനം പറയാതിരിക്കില്ല. 

ആട്ടെ. ഇപ്പൊ എവിടുന്നാ ഈ 50 ലക്ഷം ഉണ്ടാക്കുന്നത്. ?
അതിനു എന്തെങ്കിലും ഉണ്ടോ വിക്കാന്‍.?  
അതേയ്, നിന്റെ പേരിലുള്ള ആ പത്ത് സെന്റ്‌ വിറ്റാല്‍  ഒരു മുപ്പതു ലക്ഷം എങ്കിലും  ഉണ്ടാക്കാം, പിന്നേം വേണം !

ങ്ഹാ.. അതിനെന്തു ചെയ്യും.?  
അതിനുത്തരം പറയാന്‍ അയാള്‍ ഏറെ ആലോചിച്ചു. എങ്കിലും മടിച്ച് മടിച്ച് പറഞ്ഞു, നിന്റെ കയ്യില്‍ കുറെ സ്വര്‍ണം ഇല്ലേ?
അതീ മാലേം വളയും  ഒക്കെയല്ലേ ?  അതെല്ലാം കൂടി പെറുക്കി വിറ്റാലും വള്ളത് രണ്ടോ മൂന്ന് ലക്ഷമല്ലേ കിട്ടൂ. ഇനി അതും കൂടിയേ ഉള്ളൂ, 
നിങ്ങടെ ഒടുക്കത്തെ നോട്ടം ഇപ്പൊ അതെലാണെന്ന് എനിക്കറിയാം. കുറെ നാളായി ചൊറിയുന്നു. 
ദേ.., എന്റെ വായില്‍ ഇരിക്കുന്നതോന്നും കേള്‍ക്കണ്ട ട്ടോ. 

അയാള്‍ പിന്നേം നിശബ്ദനായി. ഇതൊന്നും അത്ര പെട്ടെന്ന് പറയേണ്ടുന്ന കാര്യം അല്ല, സമയോം  കാലോം ഒക്കെ നോക്കി വേണം പറയാന്‍. 
പാവം അയാള്‍  ചായ എടുത്ത് കുടിക്കാന്‍ ഒരു ശ്രമം നടത്തി. ഒരു രുചിയും തോന്നിയില്ല. 
അയാളുടെ ആഗ്രഹം അല്ല മുഖ്യം, മോളുടെ ആഗ്രഹമാണ്. അതെങ്ങിനെയും സാധിച്ചു കൊടുക്കേണ്ടത് ഒരച്ഛന്റെ ഉത്തരാവാദി ത്വമല്ലേ. 
അയാള്‍ പിന്നെയും വെളിയില്‍ നോക്കിയിരുന്നു.

തൊടിയില്‍ കോഴികള്‍ ഒരാവലാതിയും കൂടാതെ തീറ്റകള്‍ തിന്നും  സുന്ദരന്‍ പൂവനോടൊപ്പം കലഹിച്ചും പ്രണയിച്ചും ഒക്കെ നടക്കുന്നു. പക്ഷികളെല്ലാം രാവിലെ തന്നെ ഉഷാറായി നടക്കുന്നു. ഒരു സങ്കീര്‍ണതകളും കൂടാതെ.  എല്ലാ ആവലാതികളും ദുഖങ്ങളും സങ്കീര്‍ണതകളും മനുഷ്യനെ എല്പിച്ച്ചി ട്ട് 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന ഭാവത്തില്‍ ഇടം കണ്ണിട്ടു നോക്കുന്ന കാക്കയെ കണ്ടപ്പോള്‍ ഉള്ളില്‍ അരിശമാണ് തോന്നിയത്. 

ഇതെന്താ ഇന്ന് കുളീം ജപോം ഒന്നും ഇല്ലേ..? 
അവള്‍ അങ്ങിനെയാണ് ഓരോ മിനിറ്റിലും വന്നു, ഓരോന്നും ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. 
"
അതേയ്, അക്ഷയതൃതീയയ്ക്ക് വാങ്ങിയ    കുറച്ച് സ്വര്‍ണമില്ലേ ? അതെടുത്താല്‍ ചിലപ്പോ നമ്മുടെ കാര്യം അങ്ങ് നടന്നേക്കും."

അതും പറഞ്ഞു വെളിയിലേയ്ക്കു നോക്കി അയാള്‍ മുഖം മറച്ചു. അവള്‍ എങ്ങിനെയാ തുള്ളുന്നതെന്ന് അറിയാന്‍ പറ്റില്ല.

അവള്‍ ചീറി, അതിപ്പോ തല പോയാലും എടുക്കില്ല, ഒരു പെങ്കൊച്ച് വളര്‍ന്നു വരുന്നുണ്ടെന്നുള്ള ഓര്മ വേണം മനുഷ്യനായാല്‍. ഹും അതെങ്ങിനാ, ഈ പെഗ്ഗടിച്ചും ബിവറേജസ്സില്‍ ക്യൂ നിന്നും ങ്ങടെ ബുദ്ധിയൊക്കെ സുധീരനും ഉമ്മന്‍ചാണ്ടിക്കും കൊടുത്തപോലായി. ഇപ്പൊ വെള്ളത്തിനു പോലും നികുതി കൊടുക്കണം.  എന്താ പറയുന്നത്, എന്ന് പോലും ഓര്‍ക്കാതെ അവള്‍പൊറുപൊറുത്തു.

കുറെ നാളായി അതും മനസ്സില്‍ വെച്ചോണ്ട് നടക്കുന്നു നിങ്ങള്‍. എന്റെ തല പോയാലും അതെടുക്കില്ല. അത് ഐശ്വര്യമാണ്, അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങിയാല്‍ എന്താ ഐശ്വര്യം എന്നറിയുവ്വോ നിങ്ങള്‍ക്ക്.?  


അയ്യോ, ഇപ്പോഴത്തെ പെണ്ണുങ്ങള്‍ക്ക് സ്വര്‍ണം ഒന്നും ഇടാന്‍ ഇഷ്ടമല്ല, ഏറിയാല്‍ ഒരു ഒരു ഡയമണ്ട് മാലയോക്കെയാ., ഫാഷന്‍. മ്മടെ മോള്‍ക്ക് ആണെങ്കില്‍ കമ്മലിടുന്നത് പോലും ഇഷ്ടമല്ല.
പിന്നെന്തിനാ ഇതൊക്കെ സൂക്ഷിച്ച് വെച്ചോണ്ടിരിക്കുന്നത്.?

പിന്നെ,  ഇപ്പൊ മൂന്നാല്  കൊല്ലമായില്ലേ വാങ്ങി വെച്ചിട്ട്? വേണേല്‍ അതീന്നു കുറച്ച് മാറ്റി  വെച്ചിട്ട് അടുത്ത അക്ഷയ തൃതീയക്ക് കുറച്ചു സ്വര്‍ണം വാങ്ങിച്ചോ, ന്നാലും ഇപ്പൊ കാര്യം നടക്കണ്ടേ..? തന്നെയല്ല, ഇതിങ്ങിനെ ലോക്കറില്‍ വെച്ചാല്‍ എങ്ങിനെയാ ഭാഗ്യം വരുന്നത്. എല്ലാവര്‍ഷവും അക്ഷയതൃതീയയ്ക്ക് വാങ്ങിയിട്ട് ലാഭം വരുമ്പോള്‍ വില്‍ക്കണം. അടുത്ത അക്ഷയ തൃതീയക്ക് പിന്നേം വാങ്ങണം അല്ലെങ്കില്‍ ഈ ഭാഗ്യം ബാങ്കിലെ ലോക്കറില്‍ ഇരുന്നു പോവില്ലേ..? , ഭാഗ്യം മ്മടെ വീട്ടില്‍ കൊണ്ടുവരണം, പിന്നെ സൗകര്യം കിട്ടുമ്പോള്‍ ലാഭോം കൊണ്ടുവരണം അങ്ങിനെയാ സ്വര്‍ണക്കടയിലെ ഗുരു പറഞ്ഞത്.

ങേ..? അങ്ങിനെയാണോ..? 
ന്നിട്ട് ഇത്രേം നാളും നിങ്ങളെന്താ പറയാതിരുന്നത്...? 

ഇത്തവണ സംഗതി ഏറ്റതുപോലെ.!

അവള്‍ ഒന്നും മിണ്ടാതെ ഉള്ളിലേയ്ക്ക് പോയി.  കുറച്ചു കഴിഞ്ഞപ്പോള്‍ 250 ഗ്രാം സ്വര്‍ണം എടുത്തു കൊണ്ട് വന്നു. ബിസ്കറ്റ് രൂപത്തില്‍ ഒപ്പം ഒരു ബില്ലും . ഏതാണ്ട് എട്ടു ലക്ഷം രൂപ. 
അയാള്‍ ഒന്ന് ഞെട്ടി.  ഇത് ലോക്കറിലല്ലേ വെച്ചിരുന്നത്..? അല്ലാ, ഗുരു എന്നോടും പറഞ്ഞായിരുന്നു, ഇത് ഭാഗ്യവും ഐശ്വര്യവുമാണ് ഭദ്രമായി വീട്ടില്‍ സൂക്ഷിക്കണമെന്ന്. 
ഉള്ളില്‍ ഉണ്ടായ നടുക്കം പുറത്ത് കാണിക്കാതെ അയാള്‍ ചിരിച്ചു.  ഉന്മേഷം തിരികെ വന്നത് പോലെ.. തണുത്ത്ആറിയ ചായ ഊതിക്കുടിച്ചു. .

 ഉടന്‍ തന്നെ സ്വര്‍ണക്കടയിലെ പരിചയക്കാരനെ ഫോണ്‍ വിളിച്ചു. വില കേട്ട് കണക്കു കൂട്ടിയപ്പോള്‍ അയാള്‍ ഞെട്ടി. 8  എട്ടുലക്ഷം രൂപ കൊടുത്ത് വാങ്ങിയ സ്വര്‍ണത്തിന് ഇപ്പോള്‍ ഏഴു ലക്ഷം തികച്ച് കിട്ടില്ല.  വില കുറഞ്ഞത്രെ.!

അയാളുടെ കോപം കണ്ടു അവര്‍ മെല്ലെ  പിന്നോട്ട് വലിഞ്ഞു. 
എങ്കിലും അയാള്‍ ഉറക്കെ പറഞ്ഞു, കണ്ടില്ലേ അക്ഷയ തൃതീയയുടെ ഐശ്വര്യം. 
അന്ന്  അറ്റാക്ക്‌ വന്നപ്പോ ആശുപത്രീലെ  ബില്ല് കൊടുക്കാന്‍ കാശില്ലാഞ്ഞിട്ടു ഇന്‍ഷുറന്സീന്നു ലോണ്‍ എടുത്ത ഒന്‍പതു ലക്ഷം അടയ്ക്കാതിരുന്നു ഇപ്പൊ അത്  പതിനാറു ലക്ഷമായി. അന്ന് ചോദിച്ചപ്പഴും ഈ സ്വര്‍ണം തരില്ലാന്നു പറഞ്ഞു .ഇപ്പൊ മനസ്സിലായില്ലേ. അക്ഷയ തൃതീയയുടെ ഐശ്വര്യം.???
അയാളെ വിറയ്ക്കുന്നുണ്ടായിരുന്നു.

അല്ലേലും പ്പോ ആശുപത്രിക്കാരും തുണിക്കടകാരും ഒക്കെയല്ലേ കാശ് തിന്നുന്നത്. ആധാരവും കയ്യില്‍ പിടിച്ചോണ്ട് വേണം ആശുപത്രീലും മറ്റും പോകാന്‍. അയാളെ സമാധാനിപ്പിക്കാന്‍ അവര്‍ പറഞ്ഞു.. 

പക്ഷെ അവള്‍ക്കും നിരാശയും ദേഷ്യം ഒക്കെ വരുന്നുണ്ടായിരുന്നു. 

നിങ്ങള്‍ക്ക് വേറെ പണി ഒന്നുമില്ലേ..? , 50 ലക്ഷം അഡ്മിഷനു, പിന്നെ അഞ്ചുകൊല്ലം പഠിക്കുന്നത്തിനു  എത്ര ലക്ഷം വേണം,? 
ഒരു എം ബി ബി എസ എടുത്താല്‍ ഇക്കാലത്ത് ഒരു പീയൂണ്‍ന്റെ വില പോലുമില്ല,  വിലയുണ്ടാകണേല്‍ പിന്നേം പഠിപ്പിക്കണം. 
ഒരു പി ജി  ക്ക് കോടികളാണ് ചോദിക്കുന്നതും കൊടുക്കുന്നതും. അതൊക്കെ തിരിച്ചു പിടിക്കണമെങ്കില്‍ എത്ര കൊല്ലം വേണം? 
എത്ര പാവങ്ങളെ പിഴിയണം, അല്ലേല്‍ തന്നെ ഇപ്പൊ ആശുപതികളൊക്കെ ബ്ലെടുകാരേം, ഗുണ്ടകളെയും മറ്റും  നിര്‍ത്തിയാ ബില്ല് മേടിക്കുന്നത്.

ഇനി മ്മടെ മോള് ഡോക്ടര്‍ ആയാലും ഇത്രേം കോടികളും  അതിന്റെ പലിശേം ഒക്കെ തിരിച്ചു പിടിക്കണമെങ്കില്‍ എത്ര കൊല്ലം വേണം? എത്ര ആയിരം രോഗികളെ പിഴിയണം,
ങ്ങക്ക് അത്ര നിര്‍ബന്ധം ആണെങ്കിലേ വല്ല ആയുര്‍വേദവും പഠിപ്പിക്ക്, ശാപം  കിട്ടുന്ന  ഈ സ്വശ്രയ  ആശുപതികളിലെ പിഴിച്ചിലിനെക്കാള്‍ ഭേദമാ,.. മര്യാദയ്ക്കുള്ള ആയുര്‍വേദത്തിലെ ഉഴിച്ചിലും പിഴിച്ചിലും . രോഗികള്‍ ഒന്ന് ചിരിക്കും.   അല്ലേല്‍ തന്നെ ഒന്ന് നോക്കിക്കേ, ഇത്രേം കോടികള്‍ കൊടുത്ത് പഠിച്ചിറങ്ങുന്ന ഇതു  ഡോക്ട റ ന്മാരാ  മര്യാദയ്ക്ക് ആസ്വദിച്ച് ജീവിക്കുന്നത്.? പണ്ടൊക്കെ അത് സേവനമായിരുന്നു. ഇപ്പൊ ബ്ലയിടും, മ്മടെ കുട്ടിക്ക് ഈ ശാപം വേണ്ട. 

ഹും, അയാള്‍ ഒന്ന് നീട്ടി മൂളി.

അപ്പൊ ഈ സ്വര്‍ണം എന്ത് ചെയ്യണം?

 ഇത് ഇപ്പൊ വിറ്റാല്‍ എത്ര കിട്ടും ?  അത് ഇന്‍ഷുറന്സീല് അടയ്ക്കു. 
അപ്പൊ സ്വര്‍ണം മുഴുവന്‍ വിറ്റു ലോണ്‍ അടച്ചാലും പിന്നെയും ഒന്‍പതു ലക്ഷം കടം ബാക്കി ആയല്ലോ..?  നിങ്ങള്ക്ക് കച്ചോടത്തില്‍ ഒത്തിരി ലാഭം ഉണ്ടായതല്ലേ..? ഇതെങ്കിലും ഒരു നഷ്ടത്തിന്റെ കണക്കില്‍ അങ്ങോട്ട്‌ എഴുതി ഇട്. ഹല്ലാ പിന്നെ. 


ഈറനണിഞ്ഞ കണ്ണുകള്‍ എന്നെ കാണാതെ  തുടച്ച് അവള്‍ അകത്തേയ്ക്ക് പോകുമ്പോള്‍ വിളിച്ചു പറഞ്ഞു,  
ങ്ഹാ, ഇനി എന്തായാലും ,  മ്മക്ക്  ഈ 'അക്ഷയ തൃതീയ യുടെ ഭാഗ്യം വേണ്ട ട്ടോ.!

**********

ജയിച്ചത് കുടിയന്മാരും, സര്‍ക്കാര്‍ ഖജനാവും. .! -- ടി. ജി. വിജയകുമാര്‍



ജയിച്ചത് കുടിയന്മാരും,  സര്‍ക്കാര്‍ ഖജനാവും. .!
---------------------------------------------------------------------- 
ടി. ജി. വിജയകുമാര്‍


അത്താഴം കഴിക്കാന്‍ കയറിയത് സുഹൃത്തിന്റെ നിര്‍ബന്ധം മൂലം ബാര്‍ ഹോട്ടലില്‍ .
തൃശ്ശൂര്‍ പാലിയേക്കര അടുത്ത ദേശീയ പാതയുടെ ഓരത്ത് തന്നെ. 

എല്ലവാര്‍ക്കും ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.  സുഹൃത്ത് ഓര്‍ഡര്‍ ചെയ്തത് ഒരു ലാര്‍ജ്.,  വിസ്കി, സിഗ്നേച്ചര്‍.  

അത് ഒറ്റയടിക്ക് വീശിയ ഇഷ്ടന്റെ മുഖം ഇഞ്ചി തിന്ന കുരങ്ങിന്റെ മാതിരിയായി.
എന്തെ,? എന്ത് പറ്റി..?  അല്ലിഷ്ട്ടാ,  'ത്രിഗുണന്‍ റം' മാത്രം അടിക്കുന്ന കക്ഷിയല്ലേ നീ? ഇപ്പൊ എന്താ വിസ്കി..? 

"ഇപ്പൊ കാണിച്ചു തരാം ഒരൂ സൂത്രം"  എന്ന് പറയുമ്പോഴേക്കും വൈയ റ്റര്‍ എത്തി.
വണ്‍ മോര്‍ പ്ലീസ്.., പിന്നെ ഇതിന്റെ ബില്‍ ഇപ്പൊ തന്നെ കൊണ്ട് പോരൂ.  ഇത് വേറെയാ ട്ടോ.

വൈയ റ്റര്‍ അടുത്ത ലാര്‍ജുമായി വന്നു, ബില്ലും ഭവ്യതയോടെ കൊടുത്തു.

ഇനി ഒരു ചെറിയ ബോട്ടില്‍ വേണം...ഈ ലാര്‍ജ് പായ്ക്ക് ചെയ്തു കൊണ്ടുപോകുന്നു, വേഗം ആവട്ടെ.!  
നിങ്ങളുടെ  മാനേജരെയും വിളിക്കൂ.  

വൈയ റ്റര്‍ ഒന്ന് പതറി, 
മാനേജരും എത്തി. 

സുഹൃത്ത് അടങ്ങിയിരുന്നില്ല.
  "എടൊ, ഇത് സിഗ്നേച്ചര്‍ അല്ല, ഏതോ മൂന്നാം കിട സ്പിരിറ്റാണ്. "
ഞാന്‍ എന്നും സിഗ്നേച്ചര്‍ കഴിക്കുന്ന ആളാണ്‌. ടേസ്റ്റ് നന്നായി അറിയാം. അത്  കൊണ്ടാണ് ഇതും ബില്ലും കൊണ്ടുപോകുന്നത്.  
ഇത് സീല്‍ ചെയ്ത പായ്ക്ക് ചെയ്ത നിങ്ങള്‍ തന്നെ തരണം.  ഉപഭോക്തൃ കോടതിയും എക്സൈസും ഒക്കെ ഉണ്ടല്ലോ. . 

രംഗം വഷളാകുമോന്നു ഭയന്ന്‍ ഞാന്‍ വൈയ റ്ററോടു പറഞ്ഞു.  "അദ്ദേഹം എക്സൈസിലെ ഒരു ഉദ്യോഗസ്ഥനാ ട്ടോ..!!

മാനേജര്‍ കൂടുതല്‍ ഭവ്യത കാണിച്ചു. " സര്‍, ഇതൊക്കെ മാതിയാവും ഇവിടെ. ദേശീയ പാതയല്ലേ..? വരുന്നവര്‍ പലരും സ്ഥിരം ആളുകളല്ലല്ലോ..., സാറിനു വേറെ കൊണ്ടുത്തരാം ഇതിന്റെ ബില്‍ കൊടുക്കണ്ട.  "

 ഉടന്‍ കാര്യങ്ങള്‍ തകൃതിയില്‍ നീങ്ങി ഒറിജിനല്‍  സിഗ്നേച്ചര്‍ ഒരു ഫുള്‍ ബോട്ടില്‍ ആനയിക്കപ്പെട്ടു,  ആദരവോടെ. 
 പ്രശനം തീര്‍ന്നു, ബില്ലില്‍ അന്‍പത ശതമാനം ഡിസ്ക്കൌണ്ടും.

ബാര്‍ പൂട്ടാനുള്ള കോടതി വിധി വന്നപ്പോള്‍ ഈയുള്ളവന്‍ അതിനെ സ്വാഗതം ചെയ്യുന്നത് ഈ അനുഭവം ഉള്ളത് കൊണ്ടാണ്.

കുടിയന്മാര്‍ക്ക് സര്‍ക്കാര്‍ ഔട്ട്‌ലെറ്റില്‍ നിന്നും നല്ല മദ്യം  വാങ്ങി കഴിക്കാം. അതിന്റെ നികുതി കൃത്യമായി സര്‍ക്കാരില്‍ ചെല്ലും. കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ട്‌ അനുസരിച്ച് 
മദ്യവില്പന കുറഞ്ഞു., പക്ഷെ നികുതി കൂടി.  എന്ന് പറഞ്ഞാല്‍ എന്താ അര്‍ഥം. ബാറുകളില്‍ വില്‍ക്കുന്നത് വ്യാജ മദ്യം ആയിരുന്നു എന്നും ഇതിന്റെ നികുതി സര്‍ക്കാരില്‍ ചെല്ലുന്നില്ല എന്നുമല്ലേ..?   

അതെ സമയം മദ്യവില്പന കുറയുകയും നികുതി വരുമാനം കൂടുകയും ചെയ്തു എന്ന് പറഞ്ഞാല്‍ നല്ല മദ്യം വില്‍ക്കുന്നു എന്നും, അത് കുടിക്കുന്ന കുടിയന്മാര്‍ ഭാഗ്യവാന്മാര്‍ എന്നുമല്ലേ..?  അതിന്റെ പൂര്‍ണമായ വരുമാനം സര്‍ക്കാരില്‍ എത്തുന്നൂ എന്നുമല്ലേ...? 

സര്‍ക്കാരിനും  കുടിയന്മാര്‍ക്കും ഇടയ്ക്ക് 'ബാര്‍ മാഫിയ ' യുടെ കൊള്ള നിര്‍ത്തപ്പെട്ടൂ എന്നല്ലേ..?  

ഒപ്പം എന്തിനും ഏതിനും അമിത വില കൊടുത്ത് ഓരോ സ്മാള്‍ അടിക്കാന്‍ ബാറില്‍ കയറുന്ന കുടിയന്മാരും നിയന്ത്രിക്കപ്പെടുന്നൂ.

ഫൈവ് സ്റ്റാര്‍/ ഫോര്‍ ഒക്കെ ഉപയോഗിക്കുന്നത് കാശുള്ളവരും ടൂറിസ്റ്റുകളുമാണ്. അത് നല്ല രീതിയില്‍ അങ്ങിനെയും നടക്കട്ടെ.

ഇവിടെ തോറ്റതു സര്‍ക്കാരും ബാര്‍ മാഫിയയുമാണ്‌.

ജയിച്ചത് കുടിയന്മാരും,  സര്‍ക്കാര്‍ ഖജനാവും. 

വി എം. സുധീരനും കോടതിക്കും ഒരു കീജെയ് കൂടി..!

-